അങ്ങോട്ടുള്ള യാത്രയ്ക്കിടയിലെ ചില കാഴ്ചകള്‍:





പോച്ചംപള്ളി സാരികള്‍ക്ക് ഇപ്പോള്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. നൂലില്‍ ടൈ ആന്റ് ഡൈ ചെയ്തെടുക്കുന്നവയാണ് ഈ സാരികള്‍.
സില്‍ക്ക് അല്ലെങ്കില്‍ പരുത്തി നൂലിലാണ് പോച്ചംപള്ളി ഡിസൈനുകള്‍ ഒരുക്കുന്നത്. ആദ്യം നൂലിനെ ടൈ ആന്റ് ഡൈ ഫ്രെയിമില്‍ ഒരുക്കുന്നു. താഴെയുള്ള ഫോട്ടോയൊലെ ഫ്രെയിമിന്റെ അളവ് ഒരു സാരിയുടെ വീതിയാണ്. ബോബിനില്‍ നിന്ന് ഈ ഫ്രെയിമിലേയ്ക്ക് നൂല്‍ മാറ്റുന്നതിന്റെ സ്പീഡ് താഴത്തെ ഫോട്ടോയില്‍ നോക്കിയാല്‍ അറിയാം.

ഗ്രാഫ് പേപ്പറുകളിലാണ് പോച്ചംപള്ളി ഡിസൈനുകള്‍ ആദ്യം വരയ്ക്കുന്നത്. ഈ ഡിസനുകള്‍ ടൈ ആന്റ് ഡൈ ഫ്രേമില്‍ തയ്യാറാക്കിയിരിക്കുന്ന നൂലിലേക്ക് മാറ്റും. സാധാരണ കരിക്കട്ടയോ അല്ലെങ്കില്‍ സ്കെച്ച് പെന്നോ ആണ് വരയ്ക്കാന്‍ ഉപയോഗിക്കുക. താഴെയുള്ള ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കിയാല്‍ ചെറിയ നീല വരകള്‍ കാണാന്‍ കഴിയും.


ഈ ഫ്രൈമില്‍ ഡിസൈനിനുസരിച്ച് ചെറിയ നൂലുകൊണ്ട് ആദ്യം ടൈ ചെയ്യും. പിന്നെ റബ്ബര്‍ സ്ട്രിപ്പുകള്‍ കൊണ്ട് നന്നായി വരിഞ്ഞു കെട്ടും. നിറം പിടിപ്പിക്കേണ്ട ഭാഗം മാത്രം തുറന്നിരിക്കും. ആദ്യം ഇളം നിറങ്ങളാവും കൊടുക്കുക.

കെമിക്കലുകള്‍ ഉപയോഗിച്ചാണ് നൂലുകള്‍ക്ക് നിറം കൊടുക്കുക. നൂലുകള്‍ തിളച്ച വെള്ളത്തില്‍ നിറം കലക്കിയ ശേഷം മുക്കി, അരമണിക്കൂര്‍ വച്ചേക്കും. അതിനുശേഷം അതിനെ അയയില്‍ തൂക്കിയിട്ട് ഉണക്കും.




നൂലുകളെ ഡിസൈനിനനുസരിച്ച് വാര്‍ഫ് ബീമില്‍ ഉറപ്പിക്കുന്നത് വളരെ ശ്രമകരമായ പണിയാണ്. ഇവിടെ തെറ്റിയാല്‍ ഡിസൈന്‍ മുഴുവന്‍ തെറ്റിപ്പോകും. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട പണി.

വാര്‍ഫ് ബീം കൈത്തറിയില്‍ ഉറപ്പിച്ച് നെയ്ത്ത് തുടങ്ങുകയായി. ഒരു സാരിയുടെ നെയ്ത്ത് മാത്രം ഏകദേശം 5 ദിവസം കൊണ്ടാണ് ചെയ്യുക. നൂലില്‍ നിറം മുക്കുന്നതും, തറിയൊരുക്കുന്നതും പോലെയുള്ള പണികള്‍ വേറെ.




പോച്ചംപള്ളി കൈത്തറി സഹകരണ സംഘത്തിന്റെ ഓഫീസും കടയും. ആയിരത്തോളം അംഗങ്ങള്‍ ഈ സൊസൈറ്റിയിലുണ്ട്. സൊസൈറ്റി നല്‍കുന്ന അസംസ്കൃതവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ ഇവിടെത്തന്നെ വില്‍ക്കുന്നു. അസംസ്കൃതവസ്തുക്കളുടെ വില കുറച്ച് ഉല്പന്നത്തിന്റെ നിലവാരത്തിനനുസരിച്ച് സൊസൈറ്റി നല്‍കുന്നതാണ് അവരുടെ പ്രതിഫലം.




മുകളില്‍ കാണുന്ന പച്ച സില്‍ക് സാരിയ്ക്ക് 1500 രൂപയാണ് വില. സാധാരണ കോട്ടണ്‍ ഡബിള്‍ ബെഡ്ഷീറ്റുകള്‍ 300 മുതല്‍ 500 രൂപ വരെ വിലയുണ്ട്. ബെഡ്ഷീറ്റിനോടൊപ്പം രണ്ട് തലയിണ ഉറകളും കിട്ടും. ചുരീദാര്‍ സെറ്റ് കോട്ടണ്‍ 300 മുതല്‍ 600 വരെയുണ്ട്.








































