Monday, November 27, 2006

കുഴല്‍‌ക്കിണര്‍

 






 

 

 

മണ്ണ് തുരന്ന്, പാറ പിളര്‍ന്ന്, ഭൂമിക്കടിയിലേക്ക്....
രാവിലെ ആറ് മണിക്ക് തുടങ്ങുന്നതാണീ പണി.
രാത്രി പത്ത് വരെ നീളും.
പാചകവും, ഭക്ഷണവും, ഉറക്കവും ഇവിടെത്തന്നെ, ഈ പണിയെടുക്കുന്നവര്‍ക്ക്

Sunday, November 19, 2006

പോച്ചം‌പള്ളി - നെയ്ത്തുകാരുടെ ഗ്രാമം

ആന്ധ്രയിലെ നല്‍ഗൊണ്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ഇക്കാത് സാരികള്‍ക്ക് പേരു കേട്ട ഭൂദാന്‍ പോച്ചംപള്ളി. പോച്ചം‌പള്ളിയിലേക്ക് ഹൈദരാബാദില്‍ നിന്ന് 35 കിലോമീറ്റര്‍ ദൂരമുണ്ട്. മൂവായിരത്തോളം കുടുംബങ്ങളാണ് പോച്ചം‌പള്ളിയില്‍ ഈ തൊഴിലിലേര്‍പ്പെട്ടിരിക്കുന്നത്. അവിടെ കണ്ട മിക്ക വീടുകളിലും ഒരു തറിയെങ്കിലും ഉണ്ടായിരുന്നു. വീടെന്നതിലുപരി നെയ്ത്തുപകരണങ്ങളായിരുന്നു അവിടെങ്ങും. അതിനിടയിലായിരുന്നു അടുക്കളയും കിടപ്പുമുറിയും എല്ലാം. പലപ്പോഴും കുടുംബാംഗങ്ങളെല്ലാം ചേര്‍ന്നാണ് നെയ്ത്തും അനുബന്ധ ജോലികളും ചെയ്യുക. അതിനിടയില്‍ 2000 രൂപ മാസശമ്പളത്തിന് ജോലി ചെയ്യുന്നവരും ഉണ്ട്. സാരികള്‍, ബെഡ് ഷീറ്റുകള്‍, ചുരീദാര്‍ മെറ്റീരിയല്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഉല്പന്നങ്ങള്‍.

അങ്ങോട്ടുള്ള യാത്രയ്ക്കിടയിലെ ചില കാഴ്ചകള്‍:







പോച്ചം‌പള്ളി സാരികള്‍ക്ക് ഇപ്പോള്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. നൂലില്‍ ടൈ ആന്റ് ഡൈ ചെയ്തെടുക്കുന്നവയാണ് ഈ സാരികള്‍.


സില്‍ക്ക് അല്ലെങ്കില്‍ പരുത്തി നൂലിലാണ് പോച്ചം‌പള്ളി ഡിസൈനുകള്‍ ഒരുക്കുന്നത്. ആദ്യം നൂലിനെ ടൈ ആന്റ് ഡൈ ഫ്രെയിമില്‍ ഒരുക്കുന്നു. താഴെയുള്ള ഫോട്ടോയൊലെ ഫ്രെയിമിന്റെ അളവ് ഒരു സാരിയുടെ വീതിയാണ്. ബോബിനില്‍ നിന്ന് ഈ ഫ്രെയിമിലേയ്ക്ക് നൂല്‍ മാറ്റുന്നതിന്റെ സ്പീഡ് താഴത്തെ ഫോട്ടോയില്‍ നോക്കിയാല്‍ അറിയാം.



ഗ്രാഫ് പേപ്പറുകളിലാണ് പോച്ചം‌പള്ളി ഡിസൈനുകള്‍ ആദ്യം വരയ്ക്കുന്നത്. ഈ ഡിസനുകള്‍ ടൈ ആന്റ് ഡൈ ഫ്രേമില്‍ തയ്യാറാക്കിയിരിക്കുന്ന നൂലിലേക്ക് മാറ്റും. സാധാരണ കരിക്കട്ടയോ അല്ലെങ്കില്‍ സ്കെച്ച് പെന്നോ ആണ് വരയ്ക്കാന്‍ ഉപയോഗിക്കുക. താഴെയുള്ള ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കിയാല്‍ ചെറിയ നീല വരകള്‍ കാണാന്‍ കഴിയും.





ഈ ഫ്രൈമില്‍ ഡിസൈനിനുസരിച്ച് ചെറിയ നൂലുകൊണ്ട് ആദ്യം ടൈ ചെയ്യും. പിന്നെ റബ്ബര്‍ സ്ട്രിപ്പുകള്‍ കൊണ്ട് നന്നായി വരിഞ്ഞു കെട്ടും. നിറം പിടിപ്പിക്കേണ്ട ഭാഗം മാത്രം തുറന്നിരിക്കും. ആദ്യം ഇളം നിറങ്ങളാവും കൊടുക്കുക.




കെമിക്കലുകള്‍ ഉപയോഗിച്ചാണ് നൂലുകള്‍ക്ക് നിറം കൊടുക്കുക. നൂലുകള്‍ തിളച്ച വെള്ളത്തില്‍ നിറം കലക്കിയ ശേഷം മുക്കി, അരമണിക്കൂര്‍ വച്ചേക്കും. അതിനുശേഷം അതിനെ അയയില്‍ തൂക്കിയിട്ട് ഉണക്കും.











നൂലുകളെ ഡിസൈനിനനുസരിച്ച് വാര്‍ഫ് ബീമില്‍ ഉറപ്പിക്കുന്നത് വളരെ ശ്രമകരമായ പണിയാണ്. ഇവിടെ തെറ്റിയാല്‍ ഡിസൈന്‍ മുഴുവന്‍ തെറ്റിപ്പോകും. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട പണി.



വാര്‍ഫ് ബീം കൈത്തറിയില്‍ ഉറപ്പിച്ച് നെയ്ത്ത് തുടങ്ങുകയായി. ഒരു സാരിയുടെ നെയ്ത്ത് മാത്രം ഏകദേശം 5 ദിവസം കൊണ്ടാണ് ചെയ്യുക. നൂലില്‍ നിറം മുക്കുന്നതും, തറിയൊരുക്കുന്നതും പോലെയുള്ള പണികള്‍ വേറെ.









പോച്ചം‌പള്ളി കൈത്തറി സഹകരണ സംഘത്തിന്റെ ഓഫീസും കടയും. ആയിരത്തോളം അംഗങ്ങള്‍ ഈ സൊസൈറ്റിയിലുണ്ട്. സൊസൈറ്റി നല്‍കുന്ന അസംസ്കൃതവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ ഇവിടെത്തന്നെ വില്‍ക്കുന്നു. അസംസ്കൃതവസ്തുക്കളുടെ വില കുറച്ച് ഉല്പന്നത്തിന്റെ നിലവാരത്തിനനുസരിച്ച് സൊസൈറ്റി നല്‍കുന്നതാണ് അവരുടെ പ്രതിഫലം.






മുകളില്‍ കാണുന്ന പച്ച സില്‍ക് സാരിയ്ക്ക് 1500 രൂപയാണ് വില. സാധാരണ കോട്ടണ്‍ ഡബിള്‍ ബെഡ്ഷീറ്റുകള്‍ 300 മുതല്‍ 500 രൂപ വരെ വിലയുണ്ട്. ബെഡ്ഷീറ്റിനോടൊപ്പം രണ്ട് തലയിണ ഉറകളും കിട്ടും. ചുരീദാര്‍ സെറ്റ് കോട്ടണ്‍ 300 മുതല്‍ 600 വരെയുണ്ട്.

Saturday, November 11, 2006

പുല്‍‌പ്പായ

 


കേരളത്തില്‍ നിന്നുള്ള പുല്‍പ്പായ നെയ്ത്തുകാരുടെ സ്റ്റാള്‍.

ആദ്യം ഈ പായ കണ്ടപ്പോള്‍ പ്ലാസ്റ്റിക് പായകളാണെന്ന് കരുതി. പക്ഷേ കോറപ്പുല്ലും സ്വാഭാവിക നിറങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ച പായകളാണിവ. നിറം നല്‍കാന്‍ പതിമുഖം ആണുപയോഗിക്കുന്നത്. കോറപ്പുല്ല് ചെറിയ നാരുകളാക്കി ഉണക്കി, പതിമുഖം ചേര്‍ത്ത് പുഴുങ്ങിയാണ് ചുവന്ന നിറം ഉണ്ടാക്കുന്നത്. കറുത്ത നിറത്തിന്‍ ഈ നാരുകളെ ചേറില്‍ ഒരു ദിവസം ഇട്ട് വയ്ക്ക്കയാണ് ചെയ്യുക. വളരെ നേര്‍ത്ത നാരുകള്‍ കൊണ്ട് നെയ്തെടുത്തിരിക്കുന്നതിനാല്‍ വളരെ നല്ല ഫിനിഷ് കിട്ടിയിട്ടുണ്ട്. ഈ ഫോട്ടോയില്‍ കാണുന്ന ഒരു പായ്ക്ക് 900 രൂപയാണ് വില.

യുനെസ്കോയുടെയും ക്രാഫ്റ്റ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന International Symposium /Workshop on Natural Dyes-നോടനുബന്ധിച്ച് ശില്പാരാമില്‍ നടക്കുന്ന മേളയില്‍ നിന്നുള്ള ചിത്രം.

Tuesday, November 07, 2006

ഉച്ചയുറക്കം



ഉച്ചയുറക്കം, പച്ചപ്പട്ടു മെത്തയില്‍....

Ratings