Sunday, November 19, 2006

പോച്ചം‌പള്ളി - നെയ്ത്തുകാരുടെ ഗ്രാമം

ആന്ധ്രയിലെ നല്‍ഗൊണ്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ഇക്കാത് സാരികള്‍ക്ക് പേരു കേട്ട ഭൂദാന്‍ പോച്ചംപള്ളി. പോച്ചം‌പള്ളിയിലേക്ക് ഹൈദരാബാദില്‍ നിന്ന് 35 കിലോമീറ്റര്‍ ദൂരമുണ്ട്. മൂവായിരത്തോളം കുടുംബങ്ങളാണ് പോച്ചം‌പള്ളിയില്‍ ഈ തൊഴിലിലേര്‍പ്പെട്ടിരിക്കുന്നത്. അവിടെ കണ്ട മിക്ക വീടുകളിലും ഒരു തറിയെങ്കിലും ഉണ്ടായിരുന്നു. വീടെന്നതിലുപരി നെയ്ത്തുപകരണങ്ങളായിരുന്നു അവിടെങ്ങും. അതിനിടയിലായിരുന്നു അടുക്കളയും കിടപ്പുമുറിയും എല്ലാം. പലപ്പോഴും കുടുംബാംഗങ്ങളെല്ലാം ചേര്‍ന്നാണ് നെയ്ത്തും അനുബന്ധ ജോലികളും ചെയ്യുക. അതിനിടയില്‍ 2000 രൂപ മാസശമ്പളത്തിന് ജോലി ചെയ്യുന്നവരും ഉണ്ട്. സാരികള്‍, ബെഡ് ഷീറ്റുകള്‍, ചുരീദാര്‍ മെറ്റീരിയല്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഉല്പന്നങ്ങള്‍.

അങ്ങോട്ടുള്ള യാത്രയ്ക്കിടയിലെ ചില കാഴ്ചകള്‍:







പോച്ചം‌പള്ളി സാരികള്‍ക്ക് ഇപ്പോള്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. നൂലില്‍ ടൈ ആന്റ് ഡൈ ചെയ്തെടുക്കുന്നവയാണ് ഈ സാരികള്‍.


സില്‍ക്ക് അല്ലെങ്കില്‍ പരുത്തി നൂലിലാണ് പോച്ചം‌പള്ളി ഡിസൈനുകള്‍ ഒരുക്കുന്നത്. ആദ്യം നൂലിനെ ടൈ ആന്റ് ഡൈ ഫ്രെയിമില്‍ ഒരുക്കുന്നു. താഴെയുള്ള ഫോട്ടോയൊലെ ഫ്രെയിമിന്റെ അളവ് ഒരു സാരിയുടെ വീതിയാണ്. ബോബിനില്‍ നിന്ന് ഈ ഫ്രെയിമിലേയ്ക്ക് നൂല്‍ മാറ്റുന്നതിന്റെ സ്പീഡ് താഴത്തെ ഫോട്ടോയില്‍ നോക്കിയാല്‍ അറിയാം.



ഗ്രാഫ് പേപ്പറുകളിലാണ് പോച്ചം‌പള്ളി ഡിസൈനുകള്‍ ആദ്യം വരയ്ക്കുന്നത്. ഈ ഡിസനുകള്‍ ടൈ ആന്റ് ഡൈ ഫ്രേമില്‍ തയ്യാറാക്കിയിരിക്കുന്ന നൂലിലേക്ക് മാറ്റും. സാധാരണ കരിക്കട്ടയോ അല്ലെങ്കില്‍ സ്കെച്ച് പെന്നോ ആണ് വരയ്ക്കാന്‍ ഉപയോഗിക്കുക. താഴെയുള്ള ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കിയാല്‍ ചെറിയ നീല വരകള്‍ കാണാന്‍ കഴിയും.





ഈ ഫ്രൈമില്‍ ഡിസൈനിനുസരിച്ച് ചെറിയ നൂലുകൊണ്ട് ആദ്യം ടൈ ചെയ്യും. പിന്നെ റബ്ബര്‍ സ്ട്രിപ്പുകള്‍ കൊണ്ട് നന്നായി വരിഞ്ഞു കെട്ടും. നിറം പിടിപ്പിക്കേണ്ട ഭാഗം മാത്രം തുറന്നിരിക്കും. ആദ്യം ഇളം നിറങ്ങളാവും കൊടുക്കുക.




കെമിക്കലുകള്‍ ഉപയോഗിച്ചാണ് നൂലുകള്‍ക്ക് നിറം കൊടുക്കുക. നൂലുകള്‍ തിളച്ച വെള്ളത്തില്‍ നിറം കലക്കിയ ശേഷം മുക്കി, അരമണിക്കൂര്‍ വച്ചേക്കും. അതിനുശേഷം അതിനെ അയയില്‍ തൂക്കിയിട്ട് ഉണക്കും.











നൂലുകളെ ഡിസൈനിനനുസരിച്ച് വാര്‍ഫ് ബീമില്‍ ഉറപ്പിക്കുന്നത് വളരെ ശ്രമകരമായ പണിയാണ്. ഇവിടെ തെറ്റിയാല്‍ ഡിസൈന്‍ മുഴുവന്‍ തെറ്റിപ്പോകും. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട പണി.



വാര്‍ഫ് ബീം കൈത്തറിയില്‍ ഉറപ്പിച്ച് നെയ്ത്ത് തുടങ്ങുകയായി. ഒരു സാരിയുടെ നെയ്ത്ത് മാത്രം ഏകദേശം 5 ദിവസം കൊണ്ടാണ് ചെയ്യുക. നൂലില്‍ നിറം മുക്കുന്നതും, തറിയൊരുക്കുന്നതും പോലെയുള്ള പണികള്‍ വേറെ.









പോച്ചം‌പള്ളി കൈത്തറി സഹകരണ സംഘത്തിന്റെ ഓഫീസും കടയും. ആയിരത്തോളം അംഗങ്ങള്‍ ഈ സൊസൈറ്റിയിലുണ്ട്. സൊസൈറ്റി നല്‍കുന്ന അസംസ്കൃതവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ ഇവിടെത്തന്നെ വില്‍ക്കുന്നു. അസംസ്കൃതവസ്തുക്കളുടെ വില കുറച്ച് ഉല്പന്നത്തിന്റെ നിലവാരത്തിനനുസരിച്ച് സൊസൈറ്റി നല്‍കുന്നതാണ് അവരുടെ പ്രതിഫലം.






മുകളില്‍ കാണുന്ന പച്ച സില്‍ക് സാരിയ്ക്ക് 1500 രൂപയാണ് വില. സാധാരണ കോട്ടണ്‍ ഡബിള്‍ ബെഡ്ഷീറ്റുകള്‍ 300 മുതല്‍ 500 രൂപ വരെ വിലയുണ്ട്. ബെഡ്ഷീറ്റിനോടൊപ്പം രണ്ട് തലയിണ ഉറകളും കിട്ടും. ചുരീദാര്‍ സെറ്റ് കോട്ടണ്‍ 300 മുതല്‍ 600 വരെയുണ്ട്.

19 comments:

Abdu said...

ഇത്തരത്തില്‍ ജീവനും ജീവിതങ്ങളുമുള്ള പൊസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

ദേവന്‍ said...

അസ്സല്‍ റിപ്പോര്‍ട്ട് കലേ. ഇമ്മാതിരിയൊരെണ്ണം കൊല്ലത്തെ കയര്‍ വ്യവസായത്തെക്കുറിച്ചോ മറ്റോ തരമാവുമോ? ആ പടപ്പക്കര റിസോ‍ര്‍ട്ട് ചിത്രം കണ്ടതുകൊണ്ട് ചോദിച്ചതാണേ. (ഈ ബ്ലോഗറു സ്വാര്‍ത്ഥനല്ല ശരിക്കും സ്വാര്‍ത്ഥന്‍. അതു ഞാനാ)

ദിവാസ്വപ്നം said...

Vow !!

EXCELLENT !!!

Sincerely apprecaite your effort behind this post. great job.

warm regards,

(sorry for using English; i am not at home)

Kala said...

ഇടങ്ങള്‍: നന്ദി...

ദേവാ, ശ്രമിക്കാം. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ നോക്കട്ടെ. പടപ്പക്കരയില്‍ എന്തായാലും ഒന്ന് രണ്ട് ദിവസം പോകും. അതിനിടയില്‍ ഒപ്പിക്കാം.

ദിവാ, നന്ദി...

വിഷ്ണു പ്രസാദ് said...

കലാ,താങ്കള്‍ ആന്ധ്രയിലാണോ...?ഞാന്‍ കുറച്ചുകാലം
നല്‍ഗൊണ്ട ജില്ലയിലെ ഹുസൂര്‍ നഗറില്‍ ജോലി ചെയ്തിട്ടുണ്ട്.ചിത്രങ്ങള്‍ കണ്ടപ്പോല്‍ അവിടത്തെ ഭൂമി ഓര്‍മവന്നു?

സു | Su said...

കല :) നന്നായിട്ടുണ്ട് വിവരണം.

പച്ചസ്സാ‍രി എനിക്ക് വാങ്ങിവെച്ചേക്കൂ. ;)

ലിഡിയ said...

പോസ്റ്റ് മുഴുവന്‍ വായിച്ചു, ഒത്തിരി ഇഷ്ടമാവുകയും ചെയ്തു, പച്ചപ്പുള്ള ചിത്രങ്ങള്‍ മുഴുവന്‍ സേവ് ചെയ്യുകയും ചെയ്തു, എന്നാലും ഒരു ഓ.ടോ കൂടിയുണ്ട്, ഒരു രണ്ട് മൂന്ന് കോട്ടണ്‍ സൂട്ട് സെറ്റ് പായ്ക്ക് കൊറിയര്‍ ചെയ്തു കൂടെ :-),

ഇവിടെ IITF ന് കണ്ടിരുന്നു.

-പാര്‍വതി.

മുസാഫിര്‍ said...

കലാ,

നല്ല വിവരണം.പിന്നെ സാരിയും ചുരിദാറുമൊക്കെ വേണവര്‍ക്കു അയച്ചു കൊടുക്കുമല്ലൊ.ബ്ലോഗ്ഗേര്‍സിനായതു കൊണ്ടു ഒരു 50% ശതമാനം കമ്മീഷന്‍ മാത്രം എടുക്കുക.

Anonymous said...

കലചേച്ചി,
നന്നായിരിക്കുന്നു. ഞാന്‍ എവിടെയോ വായിച്ചു ഇപ്പൊ പോച്ചമ്പള്ളി സാരിക്ക് ഭയങ്കര ഡിമാന്റ് കുറവാണ് അതോണ്ട് ഇവരൊക്കെ പട്ടിണിയിലാണെന്ന്. ശരിയാണൊ?

ഡാലി said...

ഇത് ഉഗ്രനായിട്ടുണ്ട്. അപ്പോ 5 ദിവസം പണിയെടുത്ത് ഒരു 1500 രൂപ വിലയുള്ള സാരി ഉണ്ടാക്കിയാല്‍ എന്തു ലാഭം അല്ലെ?
പോച്ചം‌പിള്ളി സാരിയ്ക്ക് ഡിമാന്റ് കുറവൊന്നുമില്ലാന്ന് തോന്നുണു. പക്ഷേ കഷ്ടപാടിന്റെ മൂല്യം അത് ഉണ്ടാക്കണവര്‍ക്കല്ല വ്യാപാരിക്കാണ് കിട്ടുന്നുണ്ടാവുക. തൃശ്ശൂര്‍ കല്യാണില്‍ പോചം‌പിള്ളിയ്ക്ക് മാത്രം ഒരു വിഭാഗമുണ്ട്.

Kala said...

വിസ്ണുപ്രസാദ് നന്ദി.

ഞാന്‍ ആന്ധ്രയിലെ ഹൈടെക് സിറ്റി എന്ന് സ്ഥലത്താണു്...
പോച്ചം‌പള്ളി നല്ല ഗ്രാമീണത നിറഞ്ഞ സ്ഥലമാണു്. എത്ര കാലം ഈ ഗ്രാമീണത നിലനില്‍ക്കും എന്നറിയില്ല. ഹൈടെക് സിറ്റിയെപ്പോലെ ആകാന്‍ അധിക കാലം വേണ്ടി വരില്ല.റിയലെസ്റ്റേറ്റുകാരുടെ കൈകള്‍ ഇവിടെ വരെ എത്തി നില്‍ക്കൂന്നു. ആദ്യ ചിത്രങ്ങളില്‍ അതു കാണാം

Kala said...

സു.. നന്ദി..
സാരി മാത്രം മതിയൊ???
പാര്‍വ്വതി..അഡ്രെസ്സ് തരൂ..

മുസാഫിര്‍ എല്ലാ ഓഡറുകളും കിട്ടട്ടെ. ് 50% കമ്മീഷന്‍ ചോദിക്കാം അല്ലെ.:-)

ഇന്‍ചീ..അങ്ങനെയൊന്നും തോന്നീല്ല. അവിടെ കണ്ട എല്ലാ വീടുകളിലും നൈത്ത് നടക്കുന്നുണ്ട്

ഡാലീ... വ്യാപാരികള്‍ക്ക് നല്ല ലാഭംകിട്ടുന്നുണ്ട്.:-) ഇവിടെ മാസ ശമ്പളക്കാരും ഉണ്ട് 2000രൂപ!!!

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

എനിക്കൊന്നും കാണാന്‍ മേല.
സങ്കടമുണ്ട്.

Kala said...

സുനിലേ സോറി... ഫോട്ടോയെല്ലാം വെബ് ആല്‍ബത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്....

ലിങ്ക്: http://picasaweb.google.com/kalapaul

reshma said...

കാണാ‍ത്ത കാഴ്ചകള്‍ക്ക് നന്ദി:)

qw_er_ty

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ലിങ്കിന്‌ നന്ദി. ചിത്രങ്ങള്‍ എല്ലാം കണ്ടു.

Raji Chandrasekhar said...

http://rahasyalokam.wordpress.com/2007/08/06/%e0%b4%aa%e0%b5%8b%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%82%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%b0%e0%b4%bf/

Raji Chandrasekhar said...

സാരി ഒരു ഹരമാണ്. വലിയ വിലയുള്ളതൊക്കെ വാങ്ങാനുള്ള പാങ്ങില്ല. എങ്കിലും ഭാര്യക്ക് സാരി വാങ്ങിച്ചു കൊടുക്കലാണ് എനിക്കേറെയിഷ്ടപ്പെട്ട ഹോബി. (സോപ്പിടാനല്ല, കേട്ടൊ.)

’കലവറ’ കണ്ടപ്പോള്‍ വലിയ സന്തോഷമായി. പോച്ചംപള്ളി സാരികളെക്കുറിച്ചുള്ള സചിത്ര വിവരണം.....
മാത്രമല്ലല്ലൊ,,,,

പടങ്ങളുടെ ഒരു കലവറ തന്നെയല്ലെ തുറന്നു വച്ചിരിക്കുന്നത്.
ഇങ്ങനത്തെ ’പടവറ’- കള്‍ക്ക് വളരെയധികം വിദ്യാഭ്യാസമൂല്യമുണ്ടെന്നുകൂടി നമുക്ക് ഓര്‍മ്മിക്കാം.

Kala said...

റജി ചന്ദ്രശേഖര്‍ സന്ദര്‍ശനത്തിനും ലിങ്കിനും നന്ദി...

Ratings